Thursday 1 December 2016

തോമസ് ഐസക് എന്ന അതികായൻ ...

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ശ്രീ. രാഹുൽ ദ്രാവിഡുമായി സാമ്യപ്പെടുത്താം എന്ന് കരുതുന്നു... ക്രിക്കറ്റിലെ വന്മതിൽ പലപ്പോഴും ശൗര്യമുള്ള പ്രകടനത്തിന്റെയും, ഒപ്പം കാർക്കശ്യത്തിനുടമയുമായ ബംഗാൾ കടുവ എന്ന ക്യാപ്ടന്റെയും പിന്നെ പ്രകടനത്തിന്റെ മൂർത്തഭാവവും ജനപിന്തുണയുടെ പൂർണതയുമായ സാക്ഷാൽ സച്ചിന്റെയും മുൻപിൽ നിഴലിച്ചു പോയത് ചരിത്രം. അതിൽ തെറ്റ് പറയാനും സാധിക്കില്ല പ്രതിഭാധനരായ ഒരു സംഘത്തിൽ ഒരാളായി മാറുമ്പോൾ സാധാരണയായി മാത്രം സംഭവിക്കുന്നത്. ക്രിക്കറ്റിനെ ഇത്രത്തോളം അവഗാഹത്തിൽ പഠിച്ച, മനോഹാരിതമായ ഡ്രൈവുകൾ പായിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവും പാണ്ഡിത്വവും അത്രമേൽ പ്രശംസനീയവുമാണ്, ക്രിക്കറ്റിനെ കാർന്നു തിന്നുന്ന കോഴ ആരോപണങ്ങളിലും, മറ്റു വിവാദങ്ങളിലും പെടാതെ തന്റെ കേളി ശൈലിയുടെ പ്രതിഭ വർധിപ്പിച്ചു ടീമിന്റെ മികച്ച കളിക്കാരിൽ ഒരാളാവുകയും ഒപ്പം ലോകക്രിക്കറ്റിനു തന്നെ ഒരു മാതൃകയായി തീരുകയാണുണ്ടായത്. 

വി. എസ്സും. പിണറായിയും തലയുയർത്തി നിൽക്കുമ്പോഴും തന്റേതായ പ്രവർത്തന രീതിയിൽ സഖാവ് തോമസ് ഐസക് എന്ന സാമ്പത്തിക വിദഗ്ധൻ ഒരു ജനതയുടെ കയ്യടി നേടുമ്പോൾ ഇതേ സച്ചിൻ, ഗാംഗുലി കൂട്ടുകെട്ടിനോട് ഒപ്പമുള്ള ദ്രാവിഡിനെ തന്നെയാണ് ഓർക്കാൻ സാധിക്കുക..ഏറ്റവും ശാന്തമായി, ഓരോ വിഷയത്തെയും കൃത്യമായ അവഗാഹത്തോടെ അദ്ദേഹം വിശകലനം ചെയ്യുമ്പോൾ ആദ്യം ലഭിക്കാതിരുന്ന കയ്യടികൾ ഒടുക്കം ലഭിക്കുന്നതിലൂടെ ശാന്തമായി ഇന്നിംഗ്സ് തുടങ്ങി ഇന്ത്യൻ ടീമിനെ തന്റെ കരങ്ങളിൽ ഭദ്രമാക്കി ഇന്നിങ്സിനൊടുവിൽ കയ്യടി നേടുന്ന രാഹുൽ ദ്രാവിഡിനെ ഓർക്കാതിരിക്കാൻ ആവില്ല. അതു തന്നെയാണ് ഇങ്ങോടുവിൽ നോട്ട് പരിഷ്കാരത്തിലും നാം കണ്ടത്....മാലിന്യ സംസ്കരണത്തിലും, പിന്നെ സിപിഐഎം ന്റെ നേതൃത്വത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്ന പച്ചകൃഷി കൃഷിയിലും ഇതേ ബുദ്ധിയും സംഘടനാ പാടവവും വ്യക്തം, കേരളത്തിനാവശ്യം ബഹുനില മന്ദിരങ്ങളല്ല, കൃത്യമായ സാമ്പത്തിക അച്ചടക്കത്തിലൂന്നിയുള്ള ക്രമാതീതമായ വളർച്ച മാത്രമാണ്, ഇതു കൃത്യമായി തിരിച്ചറിയുന്ന ഒരു നേതാവെന്ന നിലയിൽ സഖാവ് ഐസക്കിനെ നോക്കിക്കാണുമ്പോൾ ശാന്തനായി ക്രീസിൽ നിലയുറപ്പിക്കുന്ന വന്മതിൽ പ്രയോഗം ആസ്ഥാനത്താകില്ല എന്ന് കരുതുന്നു. 


ഒരു ജനപ്രതിനിധിയുടെ ഓരോ ബഡ്ജറ്റും ജനങ്ങളുടെ യശസ്സുയർത്താൻ പോന്നതാവണം, ഇന്ത്യ കളിക്കുന്ന ഓരോ കളികളും ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമെന്നത് പോലെ, ഓരോ ബഡ്ജറ്റിലും കൃത്യമായി ദീർഘവീക്ഷണത്തോടു കൂടിയുള്ള അദ്ദേഹത്തിന്റെ സ്പർശം പാർട്ടിയുടെ അടിസ്ഥാന നയങ്ങളും പ്രകടന പത്രികയും ആധാരമാക്കിയുള്ളതാണെങ്കിലും ഓരോ കൊച്ചിന്റെയും പദ്ധതിയനുസരിച്ചു കേളി ശൈലി മെനയുന്ന ഏറ്റവും മികച്ച കളിക്കാർ ഓരോ ടീമിനും അനിവര്യമെന്ന ഘട്ടത്തിൽ തോമസ് ഐസക് എന്ന മികച്ച കളിക്കാരൻ സിപിഐഎം എന്ന ടീമിന് വേണ്ടി കേരളത്തിനു ലഭിച്ച ഏറ്റവും മികച്ച കളിക്കാരൻ എന്ന് പറയാതെ വയ്യ.... കൃത്യമായ പ്രതിരോധവും, നേതൃഗുണവും, ആക്രമണവും, ഇത്രത്തോളം സൂക്ഷ്മതയും ഉള്ള അദ്ദേഹം കേരളത്തിന്റെ അമരക്കാരൻ ആകണം എന്ന് ആഗ്രഹിച്ചു പോകുന്നു............

Thursday 17 November 2016

……………….ഞാൻ ----------നമ്മൾ.............................

'ഞാൻ' എന്ന വാക്കിന്റെ സങ്കുചിതമായ അർത്ഥതലങ്ങളിൽ നിന്നും 'നമ്മൾ' എന്ന പദത്തിന്റെ വിശാലതയിലേക്കു ഒരു തിരിച്ചു പോക്ക്, അത് അനിവാര്യമാണ്.... നമ്മൾ എന്ന പദത്തിന് ഓരോ വ്യക്തികളിലും ചെലുത്താനാവുന്ന സ്വാധീനം എത്രമാത്രം മഹത്തരമെന്നത് അനുഭവിച്ചു മനസിലാക്കേണ്ടതു തന്നെയാണ് ... ഒരു നല്ല സമൂഹത്തിന്റെ കണ്ണിലൂടെ ഈ ലോകത്തെ നമുക്ക് നോക്കിക്കാണാനാകണം, ആ ലോകത്തിന്റെ സ്പന്ദനങ്ങൾ സ്പർശിക്കാനാകണം, വ്യവിധ്യങ്ങൾ അംഗീകരിക്കാൻ കഴിയണം, വേദനകൾ കണ്ടും കൊണ്ടും അറിയാനാകണം. ഈ ലോകത്തിനു പറയാൻ ഒരുപാട് കഥകൾ ഉണ്ട്; ഒട്ടിപ്പിടിച്ച വയറിന്റെ നിസ്സഹായതയുടെ, വേർപാടുകളുടെ, അടക്കിപ്പിടിച്ച സ്വപ്നങ്ങളുടെ, ആശയും പ്രത്യാശയും നഷ്ടപ്പെട്ട നിരാലംബരുടെ അങ്ങനെ എത്രയോ എത്രയോ കഥകൾ.. ഒറ്റയ്ക്ക് താങ്ങിയെടുക്കാൻ കഴിയാത്തിടത്തു, ഒറ്റയ്ക്കു സഹായ ഹസ്തമാകാൻ കഴിയാത്തിടത്ത് ഒരു നല്ല സമൂഹത്തിന്റെ പ്രാധാന്യം വർധിക്കുന്നു, 'നമ്മൾ' എന്ന പദത്തിന്റെ അർത്ഥം കുറിക്കപ്പെടുന്നു. ആ പഴയ കടംകഥ, 'ഒത്തുപിടിച്ചാൽ മലയും പോരും' എന്ന കടംകഥ ഓർമപ്പെടുത്തിക്കൊണ്ടു പറയട്ടെ, ഒരുമിക്കേണ്ടത് അനിവാര്യത തന്നെയാണ്. 'ഞാൻ' എന്ന് ഒരാൾ ചിന്തിക്കുന്നിടത്തു ആ വ്യക്തിക്ക് ലഭ്യമാകേണ്ട സാമൂഹികജീവി എന്ന പരിഗണന പൂർണമായും നഷ്ടപ്പെടുന്നില്ലേ.? ചിന്തകൾ പേരുകേണ്ടതാണ്, ഓരോ വ്യക്തിത്വങ്ങളും അത് പെരുക്കിയെടുക്കേണ്ടതാണ്. ഓരോ വ്യക്തിയുടെയും ചിന്താശ്രേണി അവനവൻ നിശ്ചയിക്കുന്നതാണ് , സ്വന്തം ചിന്തകൾക്ക് നന്മയുടെ വിളവു കൊയ്യാൻ പാകത്തിനു വെള്ളവും വളവും നൽകേണ്ടത് അവനവൻ തന്നെയാണ്. ഒരു നല്ല സമൂഹത്തിനായ് നമുക്ക് നമ്മെ തന്നെ പാകപ്പെടുത്താം. ഞാൻ' എന്ന കുഞ്ഞിത്തിരകൾ ‘നമ്മൾ’ എന്ന തിരമാലകളായി ഈ സമൂഹത്തിൽ ആഞ്ഞു വീശട്ടെ, തീരത്തെ അശുദ്ധികൾ ഈ തിരമാലകളാൽ സമുദ്രാന്തരങ്ങളിലേക്ക് മുങ്ങിത്താഴുകയും ചെയ്യട്ടെ.
.......................................നന്ദി.............................................